Thursday, March 24, 2011

ഒരു ഏപ്രില്‍ ഫൂള്‍ ദുരനുഭവം. റബ്ബര്‍ പാമ്പ്!!! ഒരു നിസ്സാര പൈന്കിളി അനുഭവമായി വായനക്കാര്‍ ഇതിനെ കാണരുതേ........

ഒരു ഏപ്രില്‍ ഫൂള്‍ ദുരനുഭവം. റബ്ബര്‍ പാമ്പ്!!!

ഒരു നിസ്സാര പൈന്കിളി അനുഭവമായി വായനക്കാര്‍ ഇതിനെ കാണരുതേ........

അങിനെ ഒരു ഏപ്രില്‍ 1 കൂടി വരവായി. അതോര്‍ക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് കൂടുകയാണ്. കാരണം ഞാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും ടെന്‍ഷന്‍ അടിച്ചത് ഒരു ഏപ്രില്‍ ഫൂളിനാണ്. ആ അനുഭവം ഞാന്‍ പറയാം. ഇതുവായിക്കുന്നവര്‍ എന്റെ നിസ്സഹായാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കും എന്നു വിശ്വസിക്കട്ടെ.

1/ഏപ്രില്‍/2002: അന്നു ഞാന്‍ 9 ക്ലാസില്‍ ആണ്. വേനലവധി അടിച്ചു പൊളിക്കുകയാണ് പണി. ആ സമയത്തെ ത്രില്‍ ഒന്നു വേറെ തന്നെയാണല്ലൊ? ക്രിക്കറ്റുകളിയില്‍ ഞാനത്ര കേമനല്ല. കാരണം ബാറ്റ് നേരെ പിടിക്കാന്‍ പോലും എനിക്ക് ഇന്നും അറിയില്ല. പക്ഷെ ഒളിച്ചു കളിയില്‍ ഞാന്‍ കഴിഞിട്ടേ അരും വരൂ. അന്ന് ഒരു ഏപ്രില്‍ ഫൂള്‍ ദിനമായിരുന്നു. നല്ല വെയിലാണ് പുറത്ത് എന്കിലും വെക്കേഷന്‍ ഒരു കുളിര്‍മ പകര്‍ന്നു. വീട്ടില്‍ അമ്മാമ്മ വന്നിട്ടുണ്ട്.(അമ്മയുടെ അമ്മ). എന്നെ വെക്കേഷന് അവരുടെ കൂടെ നിര്‍ത്താനാണ് പ്ലാന്‍. തൃക്കാക്കരയാണ് അമ്മാമ്മയുടെ താമസം. എനിക്ക് പോകാന്‍ തീരെ താല്‍പര്യമില്ല. ഇവിടുത്തെ കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാമല്ലൊ. അപ്രാവശ്യം അമ്മാമ്മ തൊട്ടടുത്തുള്ള ഒരു കുട്ടിയുടെ പിറന്നാള്‍ കൂടി പന്കെടുക്കാന്‍ വന്നതാണ്. സമ്മാനത്തിന്റെ കൂട്ടത്തില്‍ ഉള്ളതാണ് നമ്മുടെ കഥാപാത്രം. ഒരു ""റബ്ബര്‍ പാമ്പ്"". അത്രക്ക് ഒറിജിനാലിറ്റി ഒന്നുമില്ല. മൊത്തത്തില്‍ കൊള്ളാം അത്രതന്നെ. രാവിലെ തന്നെ അതും കയ്യിലെടുത്ത് പുറത്തേക്കിറങി. വീട്ടിലിരുന്നാല്‍ അമ്മാമ്മയുടെ കൂടെ പോകാനുള്ള നിര്‍ബന്ധം കേള്‍ക്കണം.

പറമ്പില്‍ കൂട്ടുകാരെല്ലാം വന്നു. ചെറിയതോതില്‍ ആ പാമ്പ് വച്ചു ഞാന്‍ ഏപ്രില്‍ ഫൂള്‍ കളി തുടങി. നേരു പറയാമല്ലൊ ഒരുത്തനും പേടിച്ചില്ല. പലതരത്തില്‍ നോക്കി ഒരു ഫലവുമുണ്ടായില്ല. ഇളം പച്ച നിറത്തില്‍ നീളത്തിലുള്ള ആ കോപ്പ് കണ്ടാല്‍ ആരും പേടിക്കില്ല. അപ്പോളാണ് ഞങളുടെ കൂട്ടുകാരന്‍ സിയ്യാദിന്റെ വരവ്. ഞങള്‍ അവനെ സിയ്യ എന്നാണ് വിളിച്ചിരുന്നത്. അവനും പാമ്പിനെ കണ്ട് പേടിച്ചില്ല എന്ന് പ്രത്യേകം പറയണ്ടല്ലൊ. ഏതായാലും പരിപാടിയെല്ലാം ചീറ്റി. അപ്പോഴാണ് സിയ്യ ഒരു പദ്ധതി പറഞത്.(ഒരു ഒടുക്കത്തെ IDEA). ആ പാമ്പ് വച്ച് അവന്റെ ഉമ്മൂമ്മായെ(അമ്മയുടെ അമ്മ അഥവാ ഉമ്മയുടെ ഉമ്മ) ഒന്നു വിരട്ടാം. ഞങള്‍ എതിര്‍ത്തില്ല. അവര് ആ പാമ്പിനെ കണ്ട് പേടിക്കില്ല എന്ന് ഞങള്‍ക്ക് ഉറപ്പായിരുന്നു. അവര്‍ക്ക് ഏകദേശം ഒരു 65 വയസ് വരും. നടക്കാനൊന്നും ഒരു കുഴപ്പവുമില്ല. കണ്ണൂം കാതും ഷാര്‍പ്പ്. സിയ്യ പതുക്കെ പാമ്പുമായി നടന്നു. ഞങള്‍ അവന്റെ പിന്നാലെയും. അവനത് പതുക്കെ കുളിമുറിയിലെ ബക്കറ്റില്‍ ഇട്ടു. എന്നിട്ട് അതില്‍ വെള്ളം നിറച്ചു. ഇപ്പൊ ഒരു ഒറിജിനാലിറ്റി ഒക്കെ പമ്പിനു വന്നു. ഞങള്‍ പുറത്ത് ഇറങി. ഉമ്മുമ്മ കുളിമുറിയിലേക്ക് കയറുന്നതും കാത്ത് തൊട്ടടുത്തുള്ള കശുമാവിന്‍ ചുവട്ടില്‍ നിന്നു. കുറച്ചു നേരം നിന്നിട്ടും അവര്‍ വന്നില്ല. ഞങള്‍ തിരിച്ച് പറമ്പിലേക്ക് പോയി. സിയ്യ മാത്രം അവിടെ നിന്നു. ഞങള്‍ പറമ്പിലെത്തി കളി തുടങി. പാമ്പിന്റെ കാര്യം തന്നെ മറന്നു. കുറച്ചു കഴിഞു. അപ്പൊഴാണ്.
"എന്റെ റബ്ബേ.......!!!!"[ AN IDEA CAN CHANGE YOUR LIFE]
ഒരു വലിയ നിലവിളി. ഉമ്മുമ്മയാണ്. ബക്കറ്റ് നിലട്ടു വീഴുന്ന ശബ്ദവും കേട്ടു. ഒച്ച പറമ്പു വരെ കേട്ടു. ഞങള്‍ പരസ്പരം മിഴിച്ച് നോക്കി. സിയ്യയെ അവിടെയെങും കാണാനില്ല. പൊടുന്നനെ എല്ലാവരും പറമ്പ് വിട്ട് അവനവന്റെ വീട്ടിലേക്കോടി. ഞാന്‍ മാത്രം തരിച്ച് അവിടെ നിന്നു. 5 മിനിറ്റ് കഴിഞുകാണും കുറച്ചാളുകള്‍ സിയ്യയുടെ വീട്ടിലേക്കോടുന്നു. രാജന്‍ ചേട്ടന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തേക്ക് അടുപ്പിക്കുന്നു. ആകെ ബഹളം. അല്പം കഴിഞ് ഞാന്‍ ആ കാഴ്ച കണ്ടു. ഉമ്മുമ്മയെ എല്ലാവരും താങിപിടിച്ച് ഓട്ടോയിലേക്ക് കയറ്റുന്നു. ആംബുലന്‍സിന്റെ സ്പീഡില്‍ രാജന്‍ ചേട്ടന്‍ വണ്ടി പറത്തി. സിയ്യയെ ആ പരിസരത്തെങും കാണാനില്ല. എനിക്ക് നിന്ന നില്‍പില്‍ നിന്ന് അനങാന്‍ പറ്റിയില്ല. റബ്ബര്‍ പാമ്പ് ഇത്രയും വലിയ പണി തരുമെന്ന് മനസില്‍ പോലും കരുതിയില്ല. മനസിനുള്ളില്‍ തായമ്പക മുഴങി. വേഗം വീട്ടിലേക്കോടി. അവിടെ ചെന്നപ്പോള്‍ അമ്മാമ്മ എല്ലാവരോടും യാത്രപറയുന്നു. പോകാനുള്ള ഒരുക്കമാണ്.

"ഞാനും വരാം അമ്മാമ്മേടൊപ്പം"

ഞാന്‍ പറഞു. എല്ലാവരും ഞെട്ടി. ഇവനിതെന്തു പറ്റിയെന്നായി. ഏതായാലും എന്നെ പെട്ടെന്ന് റെഡിയാക്കി അമ്മാമ്മയുടെ കൂടെ വിട്ടു. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ സിയ്യയുടെ വീട്ടിലേക്ക് ഒളികണ്ണിട്ടു നോക്കി. സിയ്യയുടെ കരച്ചില്‍ ഉറക്കെ കേള്‍ക്കാം. കൂടാതെ ഒരു ചോദ്യവും.

"എടാ ഹിമാറെ. ഹറാം പെറന്നോനെ എവടന്ന് കിട്ടീടാ ഈ പണ്ടാരം"

ഞാന്‍ അമ്മാമ്മയുടെ കയ്യ് പിടിച്ച് വേഗം നടന്നു. 13 ദിവസം അമ്മാമ്മയുടെ വീട്ടില്‍ നിന്നു. രാത്രികിടക്കാന്‍ കണ്ണടച്ചാല്‍ ഈ റബ്ബര്‍ പാമ്പും ഉമ്മൂമ്മയും കണ്ണില്‍ തെളിയും. ഹൊ വല്ലാത്ത ഒരു അനുഭവം. 14‍ തീയ്യതി വിഷു ദിനം. ഞാന്‍ തിരിച്ചു വന്നു.

അപ്പോഴാണ് അറിയുന്നത്. ഉമ്മൂമ്മയെ 6 ദിവസം അമൃതാ ഹോസപ്പിറ്റലില്‍ ഐ.സി.യു വില്‍ കിടത്തി. ഇപ്പൊ ഡിസ്റ്റാര്‍ജ് ചെയ്തു. ഇടുപ്പെല്ലിന് പൊട്ടലുണ്ട്. സിയ്യയുടെ ഉമ്മയുടെ മാലയും വളയും പണയം വച്ചാണ് അവരെ ചികില്‍സിച്ചത്. ഇതില്‍ എന്റെ പങ്ക് ആരും അറിഞില്ല. സമാധാനം. ഏറ്റവും വിഷമം പിടിച്ച കാര്യം സിയ്യയെ അവന്റെ സ്വഭാവം നന്നാവാന്‍ യത്തീംഖാനയില്‍ അക്കിയെന്നതാണ്.

രണ്ട് വര്‍ഷത്തിനു ശേഷം ഉമ്മൂമ്മ മരിച്ചു. സിയ്യ ഇന്ന് ഒരു മൊബൈല്‍ ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്നു. മാറാതെ ഒരു വിളിപ്പേര് അവന് വീണു. "പാമ്പ്". ഇന്നും അവനെ ആ പേര് വിളിക്കാത്ത ഒരേ ഒരാളേയുള്ളൂ. ജെ.പി. ഈ പാവം ഞാന്‍. എനിക്ക് അതിന് കഴിയില്ല.

(ഏപ്രില്‍ ഒന്ന് അടുക്കുമ്പോള്‍ എനിക്ക് ഇന്നും പേടിയാണ്. ഇതിനെല്ലാം കാരണം ആ റബ്ബര്‍ പാമ്പ് ആണോ അതൊ ഞാനാണോ? എന്ന് ചിന്ത. റബ്ബര്‍ പാമ്പ് അണല്ലെ?)


note
[കോളേജിലും മറ്റും നടന്ന പലകാര്യങളും ബ്ലോഗ് അക്കാന്‍ ആലോചിക്കുന്നു. എന്തെങ്കിലും അഭിപ്രായങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. 9746357053. വായനക്കാര്‍ അവരുടെ കമന്റ് രേഖപ്പെടുത്തിയാല്‍ പെരുത്തു സന്തോയം!. if you like please follow my blog.]

No comments:

Post a Comment