Friday, March 18, 2011

പട്ടികടി!!!

പട്ടികടി.

കുറച്ചു വര്‍ഷങള്‍ക്ക് മുന്പ് എനിക്ക് കിട്ടിയ ഒരു പട്ടികടിയുടെ അനുഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്.


കുറച്ചു വര്‍ഷം മുന്‍പാണ്. അന്ന് ഓര്‍ക്കുട്ടോ ഫേസ്ബുക്കോ ഇല്ല. കേരളത്തില്‍ ഇന്റെര്‍നെറ്റ് പോലും നിലവലില്‍ വന്നിട്ടില്ല. അതുകൊണ്ടാണ് ഈ ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ ഇത്രയും വൈകിയത്. വായനക്കാര്‍ എന്റെ കഷ്ടപ്പാട് ഉള്‍ക്കൊള്ളുക.

സ്ഥലം തൃക്കാക്കര. അമ്മയുടെ തറവാട്. അന്നു ഞാന്‍ ‍‍‍‍‍ L.K.G ക്ലാസില്‍ പഠിക്കുന്നു. തൊട്ടപ്പുറത്തെ ശ്യാമള ആന്റിയുടെ വീട്ടില്‍ വച്ചാണ് സംഭവം. അമ്മാമ്മയുടെ കൂടെ എന്തോ ഒരു ആവശ്യത്തിന് ഞാന്‍
ശ്യാമള അന്റിയുടെ വീട്ടില്‍പോയി. ആന്റിയുടെ മകന്‍ വിഷ്ണു എന്റെ ഒരു കൂട്ടുകാരന്‍ അവിടെയുണ്ട്. പിന്നെയുള്ള പ്രധാന കഥാപാത്രമാണ് മുറ്റത്തെ കൂട്ടിലുള്ള കഥാനായകന്‍ ടിപ്പു. എന്റെ അച്ചാച്ചന്റെ നട്ടെല്ലിന്റെ എക്സറേ പ്രിന്റില്‍ ഉള്ളതുപോലെയുള്ള ഒരു രൂപമാണ് ആ പട്ടി. ശരിക്കും അതിനെ പട്ടി എന്നു വിളിക്കുന്നതിലും നല്ലത് "പട്ടിണി" എന്നു വിളിക്കുന്നതാണ്. നാടന്‍ നായയും അതിനേക്കാള്‍ താഴ്ന്ന് ഏതോ ഒരു ഇനവുമായി ക്രോസ് ചെയ്ത് ഉണ്ടായ സാധനമാണ് ആ പട്ടി എന്ന കാര്യത്തില്‍ സംശയമില്ല.

ഏതായാലും അമ്മാമ്മ തിരിച്ചു പോയിട്ടും ഞാന്‍ അവിടെ നിന്ന് പോയില്ല.(വിനാശ കാലെ വിപരീത ബുദ്ധി!!!). വിഷ്ണുവിന്റെ കൂടെ ടോയ് കാറ് കളിച്ചിരുന്നു. കാറ് ഒരു ഉഗ്രന്‍ സാധനമായിരുന്നു. രണ്ട് പ്രാവശ്യം നിലത്തുരച്ചു വിട്ടാല്‍ പാറി പറക്കും ചെറിയ ലൈറ്റും കത്തും. അന്നൊക്കെ ഇടപ്പള്ളിപ്പള്ളിയില്‍ പെരുന്നാളിനു വരുന്ന കുട്ടികളുടെ സ്വപ്ന ബ്രാന്‍ഡായിരുന്നു ഈ ടൈപ്പ് കാറ്. ഏതായാലും കാറ് എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു. ഒത്തിരു പ്രാവശ്യം ഞാന്‍ അത് നിലത്ത് ഒരച്ച് ഓടിച്ചു. നല്ല ശബ്ദമായിരുന്നു. കര്‍...കര്‍ എന്നു കേട്ടു. സത്യം പറയണമല്ലൊ ഇതൊന്നും ആ പണ്ടാര പട്ടിക്ക് ഇഷ്ടപെട്ടില്ല. അത് കൂട്ടില്‍ കിടന്ന് തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് ഒരു കാര്യമായി എടുത്തില്ല.(അഹന്കാരം!!!). കുറച്ചു കഴിഞപ്പോള്‍ കളി എനിക്ക് മതിയായി. യാത്ര പറഞ് ഞാന്‍ പോകാനിറങി. തൊട്ടപ്പുറത്താണ് അമ്മയുടെ വീട്. 



           ഞാന്‍ പതുക്കെ പടികളിറങി. കാറ് ഞാന്‍ വിഷ്ണുവിന് തിരികെ കൊടുത്തു എന്നത് വായനക്കാര്‍ ഓര്‍ക്കണേ. അവരുടെ പടിവരെ ഒരു എട്ടടി നടക്കണം ആ 8 അടിയാണ് ഈ ഒടുക്കത്തെ പട്ടിയുടെ നിരീക്ഷണ വലയം. ഇന്നു വരെ അത് ഉറങുകയല്ലാതെ ഒന്നും നിരീക്ഷിച്ചു കണ്ടെട്ടില്ല. ചോറ് കൊടുക്കുമ്പോള്‍ മാത്രം എഴുന്നേല്‍ക്കും. ഗ്രഹണി പിടിച്ചവന്‍ ചക്ക തിന്നുന്നത് പോലെ തിന്നിട്ട് ഒറ്റ ഉറക്കം. അതാണ് അവന്റെ പരിപാടി. പക്ഷെ അന്ന് പതിവിലും വിരുദ്ധമായി അവന്‍ എന്നെ തന്നെ നോക്കി നിന്നു. എന്തോ തീരുമാനിച്ചതു പോലെ. എനിക്ക് പേടിയില്ലെന്കിലും ചെറിയ ഒരു ഭയം ഉള്ളില്‍ തോന്നി. എന്നാലും ബിലാലിക്കയെ(ബിഗ്ബി) പോലെ നെഞ്ചും വിരിച്ച് ഞാന്‍ പടിക്കലേക്ക് നടന്നു. രണ്ട് അടിവച്ചില്ല അതിനു മുന്പ് പട്ടി കൂടിന് പുറത്തു ചാടി കുരച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഒരു വരവ്!!!. ഞാന്‍ ശരിക്കും ഞെട്ടി. അദ്യമായിട്ടാണ് അവന്‍ കുരക്കുന്നത് ഞാന്‍ കേള്‍ക്കുന്നത്. അമ്പടാ! അങനെ വിട്ടാല്‍ പറ്റുമോ എന്നു മനസില്‍ ചോദിച്ച് ഞാന്‍ ഒറ്റ ഓട്ടം വച്ചു. മര്യാദക്കു തിരിച്ചു കയറിയാല്‍ മതിയായിരുന്നു.(ഗതികേട്) ഒറ്റടിക്ക് ഞാന്‍ ഒരു വീഴ്ച്ച്. പട്ടി എന്റെ മേല്‍ നില്‍ക്കുന്നു. ശരീരം മൊത്തം വിറച്ചു. പട്ടിയുടെ നാക്ക് എന്റെ ദേഹത്ത് മുട്ടി. രണ്ടു ഒരു ചെറിയ മല്‍പിടിത്തം അവിടെ നടന്നു. ഞാനവന്റെ രോമത്തില്‍ പിടിച്ച് അള്ളി വലിച്ചു. അവന്‍ ചെയ്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് എല്ലാവരും ഓടിവന്നു. അല്ലെന്കിലും അങിനെ ആണല്ലൊ എല്ലാം കഴിയുമ്പോള്‍ കേരളാപോലിസിനെ പോലെ കുറെ പേര്‍ വരും. ഞാന്‍ നിന്ന് വിറച്ചു. പിന്നെ എല്ലാവരും എന്നെ പൊക്കിയെടുത്തു. അമ്മാമ്മ കരച്ചിലും ബഹളവുമായി. നോക്കിയപ്പൊള്‍ കയ്യില്‍ നിന്നു ചോരവരുന്നു. സത്യം ഞാന്‍ മനസിലാക്കി "എന്നെ പട്ടി കടിച്ചു". അതും ആ ഗതികെട്ട പട്ടി. വല്ല റോട്ട് വിലറോ അല്‍സേഷനോ ആണെന്കില്‍ പറയാന്‍ ഒരു ഗമയുണ്ടായിരുന്നു. ഇത് അതൊന്നുമല്ല. നാശം. ഏതായാലും കയ്യ് സോപ്പിട്ടു കഴുകി. നാട്ടുകാരെല്ലാം കൂടി. എല്ലാം ആ ഒരു ഒഴുക്കിലങു പോയി.പിന്നെ വണ്ടിവിളിച്ച് ആശുപത്രിയില്‍ പോയി.

നാലഞ്ചു ദിവസം കൊണ്ട് 5 ഇഞ്ജെക്ഷന്‍ എടുത്തു. പട്ടിയേക്കാള്‍ വലിയ സൂചിയാണ് കയ്യില്‍ കേറ്റിയത്. കയ്യ് നീരുവന്ന് പട്ടിയേക്കാള്‍ വലുതായി. പിന്നെ കുറെ നാളത്തേക്ക് ഞാന്‍ അമ്മയുടെ വീട്ടിലേക്ക് പോയില്ല. ഇപ്പോള്‍ ഞാനവിടെ പോകുമ്പോള്‍ വെറുതെ ആ പട്ടിക്കുട്ടിലേക്ക് നോക്കും. പട്ടിയൊന്നും ഇല്ലെന്കിലും മൂകസാക്ഷിയായി ആ കൂട് ഇന്നും അവിടെയുണ്ട്. ഒരു നാഴികക്കല്ലു പോലെ എന്റെ കയ്യില്‍ പട്ടിയുടെ ഉളിപ്പല്ലിന്റെ പാടും.!!!!






1 comment: